നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ സായാഹ്ന ഒപി സേവനം ആരംഭിച്ചു. ദിവസവും ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഒപി പ്രവര്‍ത്തിക്കുന്നത്. ഈ സമയം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. കൂടാതെ ലാബ് തുടങ്ങിയവയുടെ പ്രവര്‍ത്തനവും ഉണ്ടായിരിക്കും.
നിലവില്‍ ഉച്ചയ്ക്ക് ഒന്നോടെ ഒപി സേവനങ്ങള്‍ അവസാനിച്ചിരുന്നു. പിന്നീടെത്തുന്ന രോഗികള്‍ അത്യാഹിത വിഭാഗത്തിലോ സ്വകാര്യ ആശുപത്രികളെയോ സമീപിക്കേണ്ട സാഹചര്യമായിരുന്നു. സായാഹ്ന ഒ പി ആരംഭിക്കുന്നതോടെ നിരവധി രോഗികള്‍ക്ക് ആശ്വാസമാകും.
സായാഹ്ന ഒപിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സി.എസ്. യശോധരന് അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ആര്. രാമചന്ദ്രന്, ഷിംല ബീവി, മുകേഷ് മോഹനന്, ആശുപത്രി സൂപ്രണ്ട് ഡോ. ജെറിന് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. പ്രതീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.